Pages

latest post

Breaking
Loading...

2016, മാർച്ച് 26, ശനിയാഴ്‌ച

ദേശീയ മാധ്യമങ്ങൾ കവർ ചെയ്ത സൂഫി സമ്മേളനത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരുടെ രോദനം

ഇന്ത്യന്‍ മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും സുന്നി/സൂഫി വിചാരധാരയെ അനുധാവനം ചെയ്യുന്നവരാണ്. ബാക്കിവരുന്നവരെ, ശിയാഇസത്തെ മാറ്റിനിര്‍ത്തിയാല്‍ സലഫിസ്റ്റുകളെന്ന് പൊതുവില്‍ വിളിക്കാം. ഈയര്‍ത്ഥത്തില്‍ സൂഫി സമ്മേളനമെന്നത് സുന്നി സമ്മേളനമാണ്. തസ്വവ്വുഫിന്റെ ശ്രേഷ്ഠ തലങ്ങളിലേക്ക് ജനമനസുകളെ ആകര്‍ഷിക്കാന്‍ നടത്തിയ സംഗമം എന്ന അര്‍ത്ഥത്തില്‍ കണ്ടാലും തെറ്റില്ല. ഉത്തരേന്ത്യയില്‍ ഇസ്ലാം വളര്‍ന്നതും സൂഫിസത്തിന്റെ തണല്‍ പറ്റിയാണല്ലോ.

പൊള്ളുന്ന വെയിലത്തും രാംലീല മൈദാനി നിറഞ്ഞുതൂവി നില്‍ക്കുന്നത് കണ്ടപ്പോള്‍ അദ്ഭുതം തോന്നാതിരുന്നില്ല. മസാറുകളും ദര്‍ഗകളും കേന്ദ്രീകരിച്ച് മാത്രം സമ്മേളിക്കുകയും സ്വത്വരൂപീകരണം നടത്തുകയും ചെയ്യുന്ന, ആദര്‍ശപരമായി സംഘടനാ നിബദ്ധമല്ലാത്ത ഒരു ജനതതി ഇത്രയും സാഹസപ്പെട്ട് ഒരു പകല്‍മുഴുവന്‍ പെയ്യുന്ന വെയിലത്രയും കൊണ്ട് സമ്മേളനത്തിലിരിക്കുമ്പോള്‍, അതൊരു ദര്‍ഗയെ കേന്ദ്രീകരിച്ചല്ലാതാവുമ്പോള്‍ അദ്ഭുതം തന്നെയാണ്. മാധ്യമത്തിന് 'ചൂടേറിയ പ്രതികരണം' എന്ന് അച്ചുനിരത്താന്‍ മഹ്ശറാ സംഗമവും മതിയാകാതെ വരുമോ എന്ന് തോന്നിപ്പോയി.

മുസ്ലിം ജനസാമാന്യത്തെയാണ് സമ്മേളനം മുഖ്യമായും അഭിസംബോധനം ചെയ്യുന്നത് എന്ന നിലയിലും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഇസ്ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന കാലത്ത് പൊതുസമൂഹം സവിശേഷ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സമ്മേളനം എന്ന നിലക്കും സമ്മേളനം ലക്ഷ്യംവെച്ചത് ഇസ്ലാമിന്റെ പേരില്‍ ഇസ്ലാമിനെ വികൃതമാക്കുന്ന സലഫിസ്റ്റ്/ തബ്ലീഗ്,വഹാബിമൌദൂദിയന്‍ ആശയങ്ങളുടെ തനിനിറം സംബോധിത സമൂഹത്തിന് മുമ്പില്‍ തുറന്ന് കാട്ടലും സ്‌നേഹത്തിലും സമാധാനത്തിലുമൂന്നിയുള്ള ഇസ്ലാമിന്റെ സുന്ദരമുഖം മാലോകരെ പരിചയപ്പെടുത്തലുമാണ്.

ദേശീയ മാധ്യമങ്ങളടക്കം അതീവ പ്രാധാന്യത്തോടെ കവര്‍ ചെയ്യുന്ന സമ്മേളന ചിത്രങ്ങളിലെവിടെയും തങ്ങള്‍ ഒന്നുമല്ലാതിരിക്കുകയും സമ്മേളനത്തിന്റെ മുഖ്യ ടാര്‍ഗറ്റ് തന്നെ തങ്ങളാവുകയും ചെയ്യുന്നതില്‍പരം എന്തു വേണം സലഫിസ്റ്റുകളെ അസ്വസ്ഥജന്യരാക്കാന്‍. ഇവിടെയാണ് എതിര്‍പ്പുകള്‍ക്ക് മുനവെച്ച് തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിദേശ രാജ്യത്തേക്ക് സ്വാഗതം പറഞ്ഞാനയിക്കുന്ന ജമാഅത്തുകാര്‍ക്ക് അതേ മോദിയുടെ പേര് പറഞ്ഞ് സൂഫി സമ്മേളനത്തെ വിമര്‍ശിക്കേണ്ടി വരുന്നത്, എഡിറ്റോറിയല്‍ പോലും എഴുതേണ്ടി വരുന്നത് വെറുതെയല്ല. മുജാഹിദുകള്‍ക്ക് അവിടെ ഒന്നിച്ചുകൂടിയത് വ്യാജ സൂഫികളാണെന്ന് പുലഭ്യം പറയേണ്ടി വരുന്നതിന് പിന്നിലും കാരണം മറ്റൊന്നല്ല. ദയൂബന്ദികള്‍ക്ക് കൂടെ എതിരായുള്ള ഒരു പരിപാടിയെ അവര്‍ അനുകൂലിച്ചെങ്കിലല്ലേ അതിശയപ്പെടേണ്ടൂ.
ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമ്മേളനത്തിന് (അസഹിഷ്ണുത എടുത്തണിഞ്ഞാടുന്ന) ഭരണകൂടത്തിന്റെ കൂടെ ശ്രദ്ധകിട്ടാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും പ്രദേശത്തെ മുഖ്യമന്ത്രിയേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുമ്പോള്‍ വലിയൊരു മുന്നേറ്റം തന്നെയാണ് പാരമ്പര്യ മുസ്ലിംകള്‍, ഉത്തരേന്ത്യന്‍ പരിപ്രേക്ഷ്യത്തിലിരുന്ന് കൊണ്ട് ചെയ്തുവെച്ചത് എന്നറിയാത്തവരൊന്നുമല്ല മാധ്യമം പത്രക്കാര്‍. 

സമ്മേളനം ഫാഷിസത്തോട് അതൃപ്തി പോലും കാട്ടിയില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ മലയാള പത്രങ്ങളിലൂടെയെങ്കിലും ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ഫാഷിസ്റ്റ് വിമര്‍ശം സമ്മേളനത്തിന്റെ മുഖ്യ താത്പര്യമല്ലാതിരുന്നിട്ടും എത്ര ശക്തമായിത്തന്നെയാണ് സമ്മേളനം അതിനെ ചോദ്യം ചെയ്തിട്ടുള്ളത്. Alleviate sense of fear among Muslims, Sufis tell Govt.; ദ ഹിന്ദു നല്‍കിയ തലവാചകം തന്നെ ഇങ്ങനെയാണ്.

സുന്നികള്‍/സൂഫികള്‍ ഫാഷിസത്തെ എതിര്‍ത്തതു കൊണ്ടായില്ല, ജനായത്ത ഭരണകൂടവുമായി തര്‍ക്കത്തിലും കലഹത്തിലുമായി മുന്നോട്ട് പോവണമെന്ന മാധ്യമത്തിന്റെ വാശി തിരിയുന്നുണ്ട്. അതാണല്ലോ നിസ്‌കാരം പോലും യുദ്ധ പരിശീലനമായി കാണുന്ന മൌദൂദിയന്‍ മതം, ആചാര്യന്റെ അനുയായികള്‍ നിവൃത്തികേട് കൊണ്ട് ഇവിടെയത് ചെയ്യാറില്ലെങ്കിലും. ഇഖ്വാനീങ്ങള്‍ പറ്റിയേടങ്ങളിലെല്ലാം അത് പയറ്റിനോക്കായ്കയുമില്ല. ഈജിപ്തില്‍ അല്‍സീസിയും ബംഗ്ലദേശില്‍ ഷേക്ക് ഹസീനയുമൊക്കെ മുമ്പ് രാജ്യദ്രോഹം നടത്തി കലാപം കത്തിച്ച ജമാഅത്ത് മൊല്ലമാര്‍ക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുത്തതിലുള്ള അമര്‍ശം കൂടെ വേള്‍ഡ് സൂഫി ഫോറത്തിലേക്ക് കെട്ടിവലിക്കുന്നത് അല്‍പ്പത്തം തന്നെയാണ്.

കടുത്ത മുസ്ലിം വിരുദ്ധനെന്ന് വിമര്‍ശകരത്രയും ആണയിടുന്ന, നിശ്പക്ഷമതികള്‍ പോലും കരുതുന്ന നരേന്ദ്രമോദിക്ക് പോലും സൂഫിസം സമാധാനമാണെന്നും തീവ്രവാദം ഇസ്ലാം വിരുദ്ധമാണെന്നും പ്രസംഗിക്കേണ്ടി വരുമ്പോള്‍ അത് സമ്മേളനത്തിന്റെ വിജയമായി കാണുന്നതിന് പകരം സമ്മേളനം സംഘ്പരിവാര്‍ സ്‌പോണ്‌സേര്‍ഡ് ആയി ചാപ്പകുത്താന്‍ മാധ്യമം പത്രത്തിന് വിയര്‍ക്കേണ്ടി വരുന്നത് സലഫിസം എത്രമാത്രം ഇസ്ലാം വിരുദ്ധമാണെന്ന് തുറന്ന് കാട്ടപ്പെടുന്നതിലുള്ള തൊന്തരമല്ലാതെ മറ്റെന്താണ്.

സുന്നി വിചാരധാരയില്‍ തന്നെ വേരൂന്നി നില്‍ക്കുമ്പോഴും, കാന്തപുരത്തെ മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്ക് സ്വയം അവരോധിച്ച് വെക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ക്ഷണമില്ലാത്ത, കാന്തപുരത്തിന് ഒന്നിലധികം സെഷനുകളില്‍ പ്രാതിനിധ്യമുള്ള സംഗമെത്തെ വിമര്‍ശിക്കുന്നതില്‍ കുശുമ്പില്‍ കവിഞ്ഞ് വല്ലതും കാണുമെന്ന് കരുതുക വയ്യ. തങ്ങളെ ആരും അറിയാത്തതില്‍, കാന്തപുരത്തെ മാത്രം എല്ലാവരും അറിയുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ ആ മനുഷ്യനോട് കെറുവ് കാട്ടിയിട്ടെന്താണ് കാര്യം. ചിന്തകനും മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറിയുമായ എന്‍. അലി അബ്ദുല്ല കാന്തപുരത്തിന്റെ പങ്കാളിത്തത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്, 'സംഘാടനത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെങ്കിലും ദഅവത്തിനു പറ്റിയ മുഴുവന്‍ അവസരങ്ങളേയും ഉപയോഗപ്പെടുത്തുക എന്ന താത്പര്യത്തിലാണ് ഉസ്താദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.' ഉത്തരേന്ത്യയില്‍ വിപുലമായ പ്രബോധന താല്‍പര്യങ്ങളുള്ള കാന്തപുരത്തിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്.
മാധ്യമം പറഞ്ഞപോലെ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുകയായിരുന്നില്ല, വിവിധ മസാറുകളെ മാത്രം കേന്ദ്രീകരിച്ച് നില്‍ക്കുന്ന മുസ്ലിം സമൂഹത്തെ വിശാലമായൊരു ഐക്യപ്പെടലിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു സമ്മേളനം. അതു തന്നെയാണ് സമ്മേളനത്തിന്റെ വിജയവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ